ഇത് നിർമ്മാണത്തിലുളള വെബ് സൈറ്റ് ആണ്. ഇതിലെ ഉളളടക്കം ആപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ചരിത്രം 

കുടിയേറ്റ ചരിത്രം 

1946-ല്‍ വെള്ളത്തൂവലില്‍ ചെങ്കുളം പവ്വര്‍ ഹൌസിന്‍റെ പണി തുടങ്ങിയതോടു കൂടിയാണ് ഇവിടെ ജനവാസം ആരംഭിക്കുന്നത്. അതിനു മുന്‍പ് ശല്യാംപാറ, ചെങ്കുളം, പോത്തുംപാറ, തോക്കുംപാറ തുടങ്ങിയ മേഖലകളില്‍ ഏലത്തോട്ടങ്ങള്‍ നിലവിലുണ്ടായിരുന്നു. മാണികാടന്‍, ഇലഞ്ഞിയ്ക്കല്‍, പാലക്കാടന്‍, മഞ്ഞയില്‍ തുടങ്ങിയ വീട്ടുകാര്‍ ആയിരുന്നു തോട്ടമുടമസ്ഥന്മാര്‍. ഏലത്തോട്ടം ഉടമകള്‍ കടന്നുവരുമ്പോള്‍ ആനച്ചാല്‍, മുതുവാന്‍കുടി മേഖലകളില്‍ ആദിവാസികള്‍ (മുതുവാന്മാര്‍) താമസമാക്കിയിരുന്നു. വെള്ളത്തൂവല്‍, കുമ്പന്‍പാറ, ചെങ്കുളം, കല്ലാര്‍കുട്ടി (അട്ടിക്കളം) തുടങ്ങി മിക്ക സ്ഥലനാമങ്ങളും ആദിവാസികള്‍ നല്‍കിയതാണ്. രണ്ടാംലോകമഹായുദ്ധത്തെ തുടര്‍ന്ന് ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടാന്‍ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ നടപ്പാക്കിയ “ഗ്രോ മോര്‍ഫൂഡ്” പദ്ധതിയുടെ ഭാഗമായാണ് വെള്ളത്തൂവല്‍ ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലയില്‍ കുടിയേറ്റം ആരംഭിക്കുന്നത്. 1947-49 കാലത്ത് നെല്ല്, കപ്പ തുടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി അഞ്ചക്കര്‍ വീതമുള്ള മൂവായിരം പ്ളോട്ടുകള്‍ കൃഷിക്കാര്‍ക്ക് അലോട്ട്മെന്റ് വ്യവസ്ഥയില്‍ വിതരണം ചെയ്തു. വെള്ളത്തൂവല്‍, എല്ലക്കല്‍, ശല്യംപാറ, കുഞ്ചിത്തണ്ണി, ആനച്ചാല്‍, തോക്കുംപാറ, ആനവിരട്ടി തുടങ്ങിയ സ്ഥലങ്ങളാണ് ആദ്യത്തെ കുടിയേറ്റ മേഖലകള്‍. മീനച്ചില്‍, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളില്‍ നിന്നുള്ള കൃഷിക്കാരായിരുന്നു ഭൂരിപക്ഷവും. ഇരുട്ടുകാനത്തും രണ്ടാം മൈലിലും ബസ്സിറങ്ങിയാണ് കുടിയേറ്റ മേഖലകളില്‍ കൃഷിക്കാര്‍ എത്തിപ്പെട്ടത്. 1949-ല്‍ പ്രൊജക്ട് ആവശ്യത്തിന് വേണ്ടി ചിത്തിരപുരം വെള്ളത്തൂവല്‍ റോഡ് പണി പൂര്‍ത്തിയാക്കി. വെള്ളത്തൂവലിലെ ആദ്യ ഗതാഗതമാര്‍ഗ്ഗവും ഇതായിരുന്നു. ചിത്തിരപുരം എല്ലക്കല്‍ റോഡും പ്രോജക്ട് ആവശ്യത്തിനുവേണ്ടി 1949-ല്‍ പണി പൂര്‍ത്തിയാക്കിയതാണ്. 1950-കളില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കൃഷിഭൂമികളിലെ തടിവെട്ടി നീക്കുന്നതിന് ലേലം ചെയ്തു കൊടുത്തപ്പോള്‍ കോണ്‍ട്രാക്ടറുമാര്‍ തലങ്ങും വിലങ്ങും വെട്ടിയ കൂപ്പുറോഡുകളാണ് പിന്നീട് പഞ്ചായത്ത് റോഡുകളായി മാറിയത്. 1955-ല്‍ അടിമാലി-പൊന്‍മുടി റോഡ് കെ. എസ്. ഇ ബോര്‍ഡ് നിര്‍മ്മിച്ചു. 1954 ആകുമ്പോള്‍ ഏലത്തോട്ടം ഒഴിച്ചുള്ള ഭൂവിഭാഗം പൂര്‍ണ്ണമായും കൃഷി ഭൂമികളായി മാറിയിരുന്നു. 

സമരചരിത്രം 

സ്ഥിര ദേഹണ്ഡങ്ങള്‍ പാടില്ലാ എന്ന വ്യവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിരു-കൊച്ചി കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 1954-ല്‍ ഇക്കച്ചന്‍, കെ.റ്റി. ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തിന് കാല്‍നട ജാഥ നടത്തി. 1956-ല്‍ ഗവര്‍ണര്‍ ഭരണത്തില്‍ അഡ്വൈസര്‍ പി.എസ്.റാവു കുടിയേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിച്ച് വീണ്ടും വനം വെച്ചുപിടിപ്പിക്കുവാന്‍ നടപടി ആരംഭിച്ചു. വൈദ്യുതി പദ്ധതികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഈ കുടിയൊഴിപ്പിക്കല്‍ എന്ന് ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളോടും മലമ്പനിയോടും പോരടിച്ച് വന്യഭൂമി വിളഭൂമി ആക്കി മാറ്റിയ കൃഷിക്കാരെ ഇറക്കിവിടാന്‍ ഉള്ള നീക്കം വമ്പിച്ച പ്രതിഷേധത്തിനിടയാക്കി. 1956-ല്‍ തോക്കുംപാറയില്‍ കൃഷിക്കാരുടെ വമ്പിച്ച യോഗം ചേര്‍ന്ന് ദേവികുളം കര്‍ഷക സംഘം രൂപീകരിച്ചു. 6000 കൃഷിക്കാര്‍ ഒപ്പിട്ട ഭീമഹര്‍ജി ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു. പിന്നീട് 360 കൃഷിക്കാര്‍ ഉള്‍പ്പെട്ട ഒരു കര്‍ഷക മാര്‍ച്ച് കോട്ടയം കളക്ടറേറ്റിലേക്ക് നയിച്ചു. തോക്കുംപാറയില്‍ നിന്നും ആരംഭിച്ച കര്‍ഷകമാര്‍ച്ചിന്റെ ക്യാപ്റ്റന്‍ പി.എന്‍.മാധവന്‍ ആയിരുന്നു. 5 ദിവസം തുടര്‍ച്ചയായി നടന്ന് കൃഷിക്കാര്‍ കോട്ടയത്ത് എത്തി കളക്ടര്‍ക്ക് നിവേദനം നല്‍കി. കക്ഷിരാഷ്ടീയത്തിനതീതമായി കൃഷിക്കാരുടെ വലിയ മുന്നറ്റമായിരുന്നു കളക്ടറേറ്റ് മാര്‍ച്ച്. ഇതോടെ ഒഴിപ്പിക്കല്‍ ഭീഷണി താത്കാലികമായി കെട്ടടങ്ങി. 

പ്രാദേശിക ചരിത്രം 

കേരളസംസ്ഥാന രൂപീകരണത്തിനുശേഷം 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇ.എം.എസ്-ന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് 1957 ഏപ്രില്‍ 28-ന് എല്ലാവിധത്തിലുള്ള ഒഴിപ്പിക്കലും നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനസ് കൊണ്ടുവന്നു. 1958-ല്‍ രാജക്കാട് വെച്ച് മലയോര കൃഷിക്കാര്‍ക്ക് ആദ്യമായി പട്ടയം നല്‍കി. 1959-ല്‍ വിമോചനസമരം കൃഷിക്കാരുടെ ഇടയില്‍ രാഷ്ട്രീയ ചേരിതിരിവിന് ഇടയാക്കി. ഇതോടെ ദേവികുളം കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനവും മന്ദീഭവിച്ചു. 1958-ല്‍ ചെങ്കുളം ഗവ. ഹൈസ്കൂള്‍ വെള്ളത്തൂവലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാര്‍ കഴിഞ്ഞാല്‍ ഹൈറേഞ്ചിലെ ആദ്യത്തെ ഹൈസ്കൂള്‍ ഇതാണ്. അതിനുമുമ്പ് കുഞ്ചുതണ്ണി എല്‍.പി സ്കൂളും ചിത്തിരപുരത്ത് എല്‍.പി.,യു.പി.,സ്കുളും പ്രവര്‍ത്തിച്ചിരുന്നു. തോക്കുംപാറയില്‍ എം.കെ.വേലുപിള്ള ആരംഭിച്ച കുടിപള്ളിക്കൂടം ആണ് പിന്നീട് എല്‍.പി., യു.പി. സ്കൂളുകളായി മാറിയത്. 1950-ല്‍ ആനച്ചാലില്‍ ഒരു ആശ്രമം ഉണ്ടാക്കി പുതിയതായി വരുന്ന കൃഷിക്കാര്‍ ആശ്രമത്തില്‍ വന്ന് താമസിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയായിരുന്നു പതിവ്. ചേലക്കര പപ്പുപിള്ള എന്നയാളായിരുന്നു ആശ്രമ മേധാവി. ആശ്രമം ഇരുന്ന സ്ഥലമാണ് പിന്നീട് 1957-ല്‍ ആനച്ചാല്‍ ശ്രീ അയ്യപ്പക്ഷേത്രമായി മാറിയത്. മാങ്കടവില്‍ ഇതേ കാലയളവില്‍ ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി കാണുന്നു. 1956-ല്‍ എല്ലുക്കല്ലില്‍ ആദ്യത്തെ ക്രിസ്തീയ ദേവാലയം ആരംഭിച്ചു. ആദ്യത്തെ മുസ്ളീംപള്ളി 1954-ല്‍ ശല്യാംപാറയില്‍ ആരംഭിച്ചു. 1956-60 കാലത്ത് വെള്ളത്തൂവലും, എല്ലുക്കല്ലും കുടിയേറ്റ മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. കുടിയേറ്റ മേഖലയിലെ ഒരു സാംസ്കാരിക കേന്ദ്രം എന്ന നിലയില്‍ 1960-കളില്‍ വെള്ളത്തൂവല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1957-ല്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചു. 1975-ല്‍ പോലീസ് സ്റ്റേഷന്‍ അടിമാലിക്കുമാറി. പിന്നീട് ഈ പ്രദേശത്തെ ജനങ്ങളുടെ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി 1988-ല്‍ വെള്ളത്തൂവലില്‍ വീണ്ടും പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 

വികസന ചരിത്രം 

ആദ്യകാല കുടിയേറ്റക്കാര്‍ ഏറുമാടങ്ങളില്‍ താമസിച്ച് നെല്ലും (വിരിപ്പ്) ഇഞ്ചിപ്പുല്ലും കൃഷി ചെയ്തു ഉപജീവനം നടത്തിയിരുന്നു. മുണ്ടന്‍പ്പെരുവാഴ, വെള്ളി കുരുവിക്കണ്ണി, ഈറ്റപ്പെരുവാഴ, വെള്ളപ്പെരുവാഴ, താരതമ്യേന മൂപ്പ് കുറഞ്ഞ വെള്ളച്ചി എന്നീ നെല്‍വിത്തുകളാണ് കൃഷി ചെയ്തിരുന്നത്. അതിന് ശേഷം മരച്ചീനിയും വാഴയും തുടര്‍ന്ന് സ്ഥിര ദേഹണ്ഡങ്ങളായ കമുകും, തെങ്ങും, കുരുമുളകും, കാപ്പിയും കൃഷി ചെയ്തു. പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ പോത്തുംപാറ, മുതുവാന്‍കുടി, ചെങ്കുളം എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഏലം കൃഷി ചെയ്തിരുന്നു. മദ്ധ്യകേരളത്തില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ കാലാവസ്ഥയിലുള്ള മാറ്റം തിരിച്ചറിഞ്ഞ് റബ്ബര്‍ കൃഷിയാരംഭിച്ചു. ടൂറിസ്റ്റുകളുടെ പറുദീസയായ മൂന്നാര്‍ പട്ടണത്തിനോടടുത്ത് കിടക്കുന്ന വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രകൃതിരമണീയമാണ്. ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ കീഴിലുള്ള ചെങ്കുളം, കല്ലാര്‍കുട്ടി ഡാമുകളും, ചെങ്കുളം പവര്‍ഹൌസും വെള്ളത്തൂവല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ്. വലിയ ചുടൂം തണുപ്പുമില്ലാത്ത കാലാവസ്ഥ ഇവിടുത്ത പ്രത്യേകതയാണ്. കുന്നുകളും താഴ്വരകളും നിറഞ്ഞ കൃഷിയിടങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ചെറുഅരുവികള്‍ എവിടേയും കാണാം. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ചതാണ് ഈ പഞ്ചായത്തിലെ പ്രധാന ടാര്‍ റോഡുകള്‍. മറ്റു പ്രധാന റോഡുകളുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ കൂപ്പു കോണ്‍ട്രാക്ടര്‍മാരും തദ്ദേശവാസികളും പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയുടെ തിലകക്കുറിയായ മൂന്നാറില്‍ നിന്നും 30.കി.മീ അകലെ പ്രകൃതിരമണീയതയാല്‍ മനോഹരമായി കിടക്കുന്ന വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ആരംഭിച്ച രണ്ടു പ്രധാന വൈദ്യുത പദ്ധതികളായിരുന്നു 1955-ല്‍ പണി തീര്‍ത്ത ചെങ്കുളം പവര്‍ സ്റ്റേഷനും, അതിനോടു ചേര്‍ന്നുള്ള പന്നിയാര്‍ പവര്‍ സ്റ്റേഷനും. കല്ലാര്‍കുട്ടി ഡാമും അവയുടെ നിര്‍മ്മാണത്തോടനുബന്ധിച്ചുണ്ടായ വികസനാവസരങ്ങളും ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മുന്നറ്റത്തിനു വഴിയൊരുക്കി.